13-June-2024 -
By. health desk
കൊച്ചി: അസാധാരണവും നൂതനവുമായ കോര്‍ണിയ മാറ്റിവയ്ക്കല്‍ നടപടിക്രമത്തിലൂടെ യുവ മത്സ്യത്തൊഴിലാളിയുടെ കാഴ്ച വിജയകരമായി സംരക്ഷിച്ചു.ഒന്നര വര്‍ഷം മുമ്പ് വലത് കണ്ണിലെ ഗുരുതരമായ ഫംഗസ് അണുബാധക്ക് ചികിത്സിക്കാനായി ഘടിപ്പിച്ച കോര്‍ണിയല്‍ ടിഷ്യൂകളുടെ പരാജയം മൂലം കണ്ണില്‍ നിരവധി സങ്കീര്‍ണതകള്‍ നേരിട്ട കോട്ടയം സ്വദേശിയായ 29 വയസുകാരനായ ജിഷ്ണുവിനാണ് കൊച്ചിയിലെ ഡോ. അഗര്‍വാള്‍സ് നേത്ര ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ അപൂര്‍വ ചികിത്സയിലൂടെ കാഴ്ച്ച ശക്തി സംരക്ഷിക്കാനായത്.
കോര്‍ണിയയുടെ കേടുപാടുകള്‍ ബാധിച്ച പാളികളെ മാത്രം പ്രീ ഡെസെമെറ്റ്സ് എന്ഡോതീലിയല് കെരാറ്റോപ്ലാസ്റ്റി (PDEK) എന്നറിയപ്പെടുന്ന സാങ്കേതികത വിദ്യയുടെ സഹായത്തല്‍ നീക്കം ചെയ്തു അവയ്ക്ക് പകരം നവീനവും ആരോഗ്യവുമുള്ള കോര്‍ണിയയുടെ ടിഷ്യുകള്‍ സ്ഥാപിച്ചു. പി ഡി ഇ കെ യുടെ സഹായത്താല്‍ പൂര്‍ണ്ണമായ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാകാതെത്തന്നെ സങ്കീര്‍ണതകളൊന്നുമില്ലാതെ രോഗി വളരെപെട്ടന്ന് സുഖം പ്രാപിക്കുകയുണ്ടായി. തികച്ചും പുതിയൊരു നടപടിക്രമമായ ഈ ട്രാന്‍സ്പ്ലാന്റില്‍ ടിഷ്യു തയ്യാറാക്കുന്നതിലെ വൈദഗ്ദ്ധ്യം വളരെ സുപ്രധാനമാണ്.
കൊച്ചിയിലെ ഡോ.അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒഫ് താല്മോളജിസ്റ്റുകളായ ഡോ. പി. സഞ്ജന, ഡോ. പ്രീതി നവീന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേത്ര ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ സംഘമാണ് ശാസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. രോഗിയുടെ ചില അധിക നേത്ര സങ്കീര്‍ണതകള്‍ ചികിത്സിക്കുന്നതിനായി ശസ്ത്രക്രിയയിലൂടെ തിമിരം നീക്കം ചെയ്ത് മാറ്റിസ്ഥാപിക്കുന്ന ടോറിക് ഇന്‍ട്രാക്യുലര്‍ ലെന്‍സ് (ഐ ഒ എല്‍) ഉപയോഗിച്ച് 'തിമിരം വേര്‍തിരിച്ചെടുത്തു കൃഷ്ണമണിയെ പുനര്‍നിര്‍മ്മിക്കുന്നതിനും പുനരൂപപ്പെടുത്തുന്നതിനുമുള്ള ശസ്ത്രക്രിയ പ്രക്രിയയായ പപ്പിലോപ്ലാസ്റ്റിയും ഇവര്‍ നടത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് ജിഷ്ണുവിന്റെ വലത് കണ്ണിന് ഗുരുതരമായ ഫംഗസ് അണുബാധയുണ്ടായിരുന്നതായി ഡോ. പി. സഞ്ജന പറഞ്ഞു.
തുടര്‍ന്ന് കോര്‍ണിയ അണുബാധ ചികിത്സിക്കുന്നതിനായി അദ്ദേഹം തെറാപ്യൂറ്റിക്ക് കോര്‍ണിയല്‍ ട്രാന്‍സ്പ്ലാന്റേഷനു (കെരാടോപ്ലാസ്റ്റി) വിധേയനായിരുന്നെങ്കിലും അണുബാധയുടെ തീവ്രത കാരണം ട്രാന്‍സ്പ്ലാന്റ് ചെയ്ത കോര്‍ണിയ ടിഷ്യു പരാജയപ്പെട്ടു, ഇത് അദ്ദേഹത്തിന്റെ കാഴ്ചയെ വളരെയധികം ബാധിച്ചു. കോര്‍ണിയയുടെ രോഗബാധിച്ച ഭാഗം തിരിച്ചറിയുകയും (എന്‍ഡോതെലിയല്‍ ലെയര്‍, ഇത് കോര്‍ണിയയുടെ ഏറ്റവും ഉള്ളിലെ ലെയര്‍ ആണ്) ആരോഗ്യമുള്ള കോര്ണിയയില്നിന്നും ശേഖരിച്ച ടിഷ്യുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തതായും അവര്‍ അറിയിച്ചു.
കോര്‍ണിയയിലെ പ്രത്യേക കോശങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ എന്ഡോതീലിയല് ഡികോംപെന്സേഷന്മൂലം തിമിരവും കോര്‍ണിയയുടെ 'ഓവര്ഹൈഡ്രേഷനും' രോഗിക്ക് ഉണ്ടായിരുന്നുവെന്ന് സീനിയര്‍ കോര്‍ണിയ ആന്റ് റിഫ്രാക്റ്റീവ് സര്‍ജനായ ഡോ പ്രീതി നവീന്‍ പറഞ്ഞു. 2013ല്‍ ആദ്യ പി ഡി ഇ കെ ശസ്ത്രക്രിയ നടത്തിയതു മുതല്‍ പല കോര്‍ണിയല്‍ ബാധിതര്‍ക്കു അത് ഇഷ്ടപ്പെട്ട ശസ്ത്രക്രിയയായി മാറിയെന്ന് ചെന്നെ ഡോ അഗര്‍വാള്‍സ് ഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ സര്‍വീസസ് ഹെഡ് ഡോ. സൗന്ദരി പറഞ്ഞു. നല്ല ഡോണര്‍ ടിഷ്യുവിന്റെ ലഭ്യത കുറവ്മൂലം ട്രാന്‍സ്പ്ളാന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന രോഗികളുടെ നീണ്ട പട്ടികയാണ് സംസ്ഥാനത്ത് ഉള്ളത്, അതിനാല്‍ കണ്ണുകള്‍ ദാനം ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് കോര്‍ണിയ അന്ധത ബാധിച്ചവരുടെ എണ്ണം കുറയ്ക്കാന്‍ സഹായമാകുമെന്നും ഡോ. സൗന്ദരി ചൂണ്ടിക്കാട്ടി.